തീവണ്ടിയുടെ വമ്പൻ വിജയം; സംഗീത സംവിധായകന് അഞ്ചു ലക്ഷം രൂപ സമ്മാനം
കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഉണ്ടായ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസ് ആണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന് ഇതിലെ മനോഹരമായ ഗാനങ്ങൾ ആയിരുന്നു. അതിൽ തന്നെ ജീവാംശമായ് എന്ന ഗാനം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. കൈലാസ് മേനോൻ എന്ന സംഗീത സംവിധായകൻ ആ ഒറ്റ ഗാനം കൊണ്ട് തന്നെ കേരളത്തിൽ സ്റ്റാർ ആയി മാറി. ഇപ്പോഴിതാ ആ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെ, ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി നടേശൻ അഞ്ചു ലക്ഷം രൂപ കൂടി കൈലാസിന് പാരിതോഷികം ആയി നൽകിയിരിക്കുകയാണ്.