കോവിഡ് പ്രതിരോധത്തിന് കേരളത്തിന് വീണ്ടും സുപ്രീം കോടതി പ്രശംസ; 'മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുകയാണ്' ? എന്ന ചോദ്യവും
ന്യൂഡൽഹി : കൊവിഡ് 19 പ്രതിരോധത്തിന്റെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊവിഡ് കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്. നേരത്തെ, സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസിൽ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസും അയച്ചിട്ടുണ്ട്.