ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്
ലഖ്നോ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. ഓഫിസ് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്. 'പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയിരുന്നു. ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ജോലികളെല്ലാം ഓണ്‍ലൈനായി ചെയ്യുന്നുണ്ട്' -യോഗി ട്വീറ്റ് ചെയ്തു.
സമാജ്വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും ബുധനാഴ്ച കോവിഡ് ബാധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യോഗി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നത്.
കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരില്‍ ചിലര്‍ താനുമായി ബന്ധപ്പെട്ടിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കുന്നതായും യോഗി അറിയിച്ചു.
യു.പിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 18,021 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85 പേര് മരിക്കുകയും ചെയ്തു.