ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി
കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ്- നെ നിയമിച്ചു. നിലവിലെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്ന ശ്രീ. എം.പി. ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ.കെ.ആർ. ജ്യോതിലാൽ ആണ് ചെയർമാൻ. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ "ഓപ്പറേഷൻ അനന്ത" അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടർ, ഐ.ടി.@സ്കൂൾ സ്ഥാപക ഡയറക്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മികച്ച ഒരു പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടപ്പെടുന്നു. മെക്കാനിക്കൽ എഞ്ചിനിയറിംഗ്, എം.ബി.എ, എൽ.എൽ.ബി ബിരുദധാരിയാണ്.