ജലനിരപ്പ് ഉയരുന്നു, ഡാം ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി കളക്ടര്‍
കൊച്ചി: മഴമൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് മലങ്കര ഡാം ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നിര്‍ദേശം നല്കി. രാവിലെ ആറു മണിക്കാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. 20 സെന്റി മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറക്കുന്നത്. 42 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. ശനിയാഴ്ചയോടെ ഡാമിന്റെ ജലനിരപ്പ് 41.64 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.
തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെ ഒഴുക്ക് ശക്തിപ്പെടാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്. മെയ് 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.