വിജയ്യുടെ 65ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം നെല്‍സണ്‍ ദിലീപ് കുമാര്‍
ഇളയദളപതി വിജയ് നായകനാവുന്ന 65ാം ചിത്രം പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ സ്വന്തം ദളപതി വിജയ്യുടെ 65-ാം സിനിമ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യും. നയന്‍താര നായികയായ കൊലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. പ്രഖ്യാപനത്തോടനുബന്ധിച്ച് കലാനിധി മാരന്, വിജയ്, നെല്‍സണ്‍ എന്നിവര്‍ ഒന്നിച്ചുള്ള ഒരു വിഡിയോയും സണ്‍ പിക്ചേഴ്സ് പുറത്തു വിട്ടു.
ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന ഡോക്ടര്‍ എന്ന സിനിമയാണ് നെല്‍സന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നു സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍. ഡിസംബര്‍ 31ന് പ്രഖ്യാപിക്കാനിരുന്ന ചിത്രം പോസ്റ്റര്‍ പുറത്തായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനൗണ്‍സ് ചെയ്തത്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് വിജയ്യുടെ പുതിയ സിനിമ.