വി കെ ശശികല ഇന്ന് ചെന്നൈയിലേക്ക് ; കനത്ത സുരക്ഷയില്‍ തമിഴ്നാട്
ചെന്നൈ: അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടര്‍ നിരീക്ഷണവും പൂര്‍ത്തിയാക്കിയ ശശികല രാവിലെ ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും.
ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ശശികലയെ സ്വീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയിട്ടുള്ളത്. നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്നാട്ടില്‍ തിരിച്ചെത്തുന്നതോടെ വരും ആഴ്ചകളില്‍ തമിഴ്നാട് രാഷ്ട്രീയം സംഭവബഹുലമാകും.
ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കൊടി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വന്‍പോലീസ് സന്നാഹമാണ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ളത്.
അതിനിടെ ശശികലയും ദിനകരനും തമിഴ്നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.