അപ്രതീക്ഷിത വിമാന വിലക്ക്; അവധി കഴിഞ്ഞുവരുന്ന പ്രവാസികള്‍ പ്രതിസന്ധിയില്‍
കൊമേഴ്സ്യല്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ദുബൈ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി വിവിധ സംഘടനകള്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു.
ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊമേഴ്സ്യല്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ദുബൈ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് മടങ്ങാനിരുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പെട്ടെന്നുണ്ടായ തീരുമാനത്തില്‍ പ്രയാസത്തിലായത്.
അതിനിടെ ദുബൈയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തിയതായും ഇതിനായി എയര്‍ സ്പേസ് ഒരു ദിവസത്തേക്ക് തുറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എന്നാല്‍ കുവൈത്തികള്‍ക്കും അവരുടെ ഗാര്‍ഹികത്തൊഴിലാളികള്‍ക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് പ്രത്യേക വിമാനത്തില്‍ യാത്ര അനുവദിക്കുക എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ യു.എ.ഇ, തുര്‍ക്കി തുടങ്ങി ഇടത്താവളങ്ങളില്‍ ക്വാറന്റൈനിലുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത് മൂലം യു.എ.ഇയില്‍ കുടുങ്ങിയ കുവൈത്ത് പ്രവാസികള്‍ക്കായി ജി.കെ.പി.എ ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട് .