വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന്
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന്. കിഫ്ബിയുടെ സഹായത്തോടെ നിര്‍മിച്ച ഫ്ളൈ ഓവറുകള്‍ ജനുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക് മുഖ്യാതിഥിയാകും. കൊച്ചി കോര്പറേഷന് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, ഹൈബി ഈഡന് എം പി, എം സ്വരാജ് എംഎല്‍എ, പി ടി തോമസ് എംഎല്‍എ, ജോര്‍ജ് ഫെര്‍ണാണ്ടസ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.
രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകളുടെ ഭാഗമായാണ് പാലങ്ങളുടെ ഭാരപരിശോധന നടത്തിയത്. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന പരിപാടികള്‍ തീരുമാനിച്ചത്. ഈ രണ്ട് ഫ്ളൈ ഓവറുകളും വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.
2017 ഡിസംബര്‍ 11 നാണ് മുഖ്യമന്ത്രി പിണറായി വിജയന് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. 85.9 കോടി രൂപ നിര്‍മാണച്ചെലവ് കണക്കാക്കിയെങ്കിലും 78.36 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പുവച്ചിരുന്നത്. 440 മീറ്റര്‍ ദൂരമാണ് പാലത്തിനു ഉള്ളത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്ററാണ്. ദേശിയ പാതയില്‍ ആറുവരിപ്പാതയോടെയാണ് മേല്‍പ്പാലത്തിന്റെ രൂപരേഖ. മെട്രോ പാലവുമായി അഞ്ചര മീറ്ററിന്റെ ഉയര വ്യത്യാസമുണ്ട്. ഇന്ത്യയില്‍ വാഹനങ്ങളുടെ അനുവദനീയമായ ഉയരപരിധി 4.7 മീറ്ററാണ്. ഏത് വാഹനങ്ങളും സുഗമമായി കടന്നു പോകുമെന്ന് സാരം.