അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കൊച്ചി: മൂന്ന് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും 20 സെന്റിമീറ്ററിലധികം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യൂനമര്‍ദ്ദം മൂലം തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. പിന്നീടാണ് മഴ മധ്യകേരളത്തിലാകും ശക്തമാകുക എന്ന റിപ്പോര്‍ട്ട് വന്നത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ മധ്യകേരളത്തിലേക്കും തെക്കന്‍ ജില്ലകളിലേക്കും മാറുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണു ക്യാമ്പുകളിലേക്ക് മാറ്റുന്നത്. കൂട്ടിക്കല്‍ പഞ്ചായത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി.