റെയിൽവേ: സ്വകാര്യവത്കരണത്തിനു തിരുവനന്തപുരം-ഗുവാഹാട്ടി റൂട്ടും
ന്യൂഡൽഹി : 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള റെയിൽവേയുടെ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിച്ചേക്കും. ഇതിൽ കേരളത്തിൽ നിന്നുള്ള തിരുവനന്തപുരം-ഗുവാഹാട്ടി റൂട്ടും ഉൾപ്പെടുന്നു. റൂട്ടുകൾ സ്വകാര്യവത്കരിച്ചുകൊണ്ടുള്ള പുനഃസംഘടനാപദ്ധതിക്ക് ധനമന്ത്രാലയത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത അവലോകന സമിതി (പി.പി.പി.എ.സി.) തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നോ നാലോ സ്വകാര്യ ഓപ്പറേറ്റർമാരെ കണ്ടെത്താൻ രണ്ടാഴ്ചയ്ക്കകം ടെൻഡർ വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
160 കിലോമീറ്റർ വേഗത്തിൽ വരെ സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ അനുമതിനൽകും. യാത്രാനിരക്കും സാങ്കേതികവിദ്യയുമെല്ലാം നടത്തിപ്പുകാർ തീരുമാനിക്കും. തിരുവനന്തപുരം-ഗുവാഹാട്ടി റൂട്ടിനുപുറമേ മുംബൈയിൽനിന്ന് കൊൽക്കത്ത, ചെന്നൈ, ഗുവാഹാട്ടി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും ന്യൂഡൽഹിയിൽനിന്ന് കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലും ചെന്നൈ-ജോധ്പുർ പാതയിലും സ്വകാര്യവണ്ടികൾ ഓടും.