ആര് ബാലകൃഷ്ണപിള്ള അന്തരിച്ചു
കൊല്ലം | കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊട്ടാരക്കരി വിജയദാസ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. മകന് കെ ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിന്റെ പ്രചാരണ യോഗങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം 28നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം എത്തിക്കും. ഒന്‍പത് മണിവരെ അവിടെ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ തറവാടായ വാളകം കീഴൂട്ട് തറവാട്ടിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് ശേഷം അവിടെയാണ് സംസ്കാരം.
കൊല്ലം ജില്ലയിലെ കീഴൂട്ട് രാമന് പിള്ള, കാര്‍ത്ത്യായനിയമ്മ ദമ്ബതികളുടെ മകനായി 1935 മാര്‍ച്ച് എട്ടിന് കൊട്ടാരക്കരയിലാണ് ബാലകൃഷ്ണ പിള്ളയുടെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് അന്ത്യം.