വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളേജില്‍ ഇനി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ല
തിരുവനന്തപുരം: വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളേജില്‍ ഇനി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കേണ്ടെന്ന് തീരുമാനം. ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. ഇതുകൂടാതെ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പരീക്ഷ ഫലം തടഞ്ഞുവയ്ക്കാനും തീരുമാനമായി.
ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളെ മറ്റു മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. അടിസ്ഥാന സൗകര്യമില്ലാത്ത കോളേജിലെ തുടര്‍പഠനം വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുമെന്നും മറ്റു കോളേജുകളിലേക്ക് ഇവരെ മാറ്റുന്നതാണ് ഉത്തമമെന്നും വിജിലന്‍സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
കോളേജിലെ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം 2016ന് ശേഷം പ്രവേശനം അനുവദിച്ചിരുന്നില്ല.രോഗികളൊന്നും വരാത്ത ആശുപത്രിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയെ കബളിപ്പിക്കാന്‍ രോഗികളെയും അദ്ധ്യാപകരെയും വാടകയ്ക്കാണ് കൊണ്ടുവന്നിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.