അഞ്ചു ഭാഷ; അയ്യായിരം തീയ്യറ്റർ
മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായി മാറാൻ പോവുകയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷത്തിൽ പുറത്തു വിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടിട്ടുണ്ട്. ഈ വർഷം മാർച്ച് 26 നു റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ അഞ്ചു ഭാഷകളിൽ ആയാണ് എത്തുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആഗോള വ്യാപകമായി 5000 സ്ക്രീനുകളിൽ ആകും എത്തുക.
പ്രിയദർശൻ, അനി ഐ വി ശശി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം തിരുനവുകരശുവാണ്. റോണി റാഫേൽ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് രാഹുൽ രാജ്, അങ്കിത് സൂരി, ലയേൽ ഇവാൻസ് റോഡർ എന്നിവർ ചേർന്നാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ ,മാമുക്കോയ തുടങ്ങി വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.