എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി:നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസും, എന്‍ഫോഴ്മെന്റും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വാദിക്കുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നുമാണ് ശിവശങ്കറിന്റെ വാദം.