അവസാനഘട്ട തദ്ദേശതെരഞ്ഞെടുപ്പ് നാളെ; നാല് ജില്ലകള്‍ വിധിയെഴുതും
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് നാളെ ബൂത്തുകളിലേക്ക് എത്തുക. കണ്ണൂര്‍ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. മലയോര മേഖലകളില്‍ 64 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും, ഇവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പടെയുള്ള ട്രിപ്പിള്‍ ലോക്ക് സംരക്ഷണം ഒരുക്കുമെന്നും കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 89,74,993 പേരാണ് സമ്മതിദാനം നിര്‍വഹിക്കുന്നത്. 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പോളിംഗ് ബൂത്തുകള്‍- 10,842.
വോട്ടിംഗ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.