കൊച്ചിയിൽ ശക്തമായ മഴ; ഗതാഗതം തടസപ്പെട്ടു, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു.
ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതലാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടങ്ങിയത്.
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കൊച്ചി പി ആന്‍ഡ് ജികോളനിയിലും ചുള്ളിക്കല്‍ ഭാഗത്തും വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി.