കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനി കേസുകളും
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിനിടെ സംസ്ഥാനത്തിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനി കേസുകളും. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് . 432 പേരില്‍ രോഗലക്ഷണം കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ 885 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി . ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു . എന്നാലിത് കഴിഞ്ഞ വര്‍ഷം ഈ സമയത്തേതിനേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം 12 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 46 പേര്‍ക്ക് രോഗലക്ഷണമുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ സംസ്ഥാനത്ത് 22 പേര്‍ക്ക് എലിപ്പനിയും 352 പേരില്‍ ചിക്കന്‍പോക്സും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍. മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.