കോവിഡ്: കെജ്രിവാളിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതെയ സാകേതിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ഏപ്രില്‍ 20ന് കോവിഡ് സ്ഥിരീകരിച്ച സുനിത വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെജ്രിവാള് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ഡല്‍ഹിയിലെ ബി.ജെ.പി നേതാവായ കപില്‍ മിശ്ര സുനിത ഏറ്റവും വേഗത്തില്‍ രോഗമുക്തയായി തിരിച്ചുവരട്ടെയെന്ന് ആശംസിച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഡല്‍ഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 32.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 395 പേരാണ് ഒറ്റ ദിവസം രാജ്യതലസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് മരിച്ചത്.
97,977 ആളുകളാണ് സംസ്ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്. ഓക്സിജന്‍ ക്ഷാമം രൂക്ഷമായതും സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.