'ബുര്‍വി' നാലിന് കേരളത്തിലെത്തും; നാല് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ബുര്‍വി' ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരള-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് നല്കി. അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി നാല് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 'ബുര്‍വി' നാലിന് കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്.
ഡിസംബര്‍ മൂന്നിന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, ഡിസംബര്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ 25 കി.മീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി ഡിസംബര്‍ നാലിന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
നിലവില്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 140 കി.മീ ദൂരത്തിലും പാമ്ബന് തീരത്ത് നിന്ന് 370 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 550 കിമീ ദൂരത്തിലുമാണ് കാറ്റിന്റെ സ്ഥാനം.