ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സംവിധായകന് ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു. ചലച്ചിത്ര താരം ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. നേരത്തെ സൈബര്‍ സെല്ലില്‍ ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ശാന്തിവിള ദിനേഷ് തന്നെ വ്യക്തിപരമായി അധി:ക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പലതവണ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം, യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തിരുന്നു. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തതുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തിരുന്നു.
മോഷണകുറ്റം ചുമത്തിയാണ് കേസെടുത്തത്. വീടു കയറി അക്രമിച്ച് മൊബൈല്‍, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന കാണിച്ച് വിജയ് നല്കിയ പരാതിയിലാണ് പൊലീസ് നടപടി. അതേസമയം സ്ത്രീകളെ അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി. നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.