ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി അമേരിക്ക
വാഷിങ്ടണ്‍; കൊറോണ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി അമേരിക്ക. തീരുമാനം ഔദ്യോഗികമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ വൈറ്റ്ഹൗസ് അറിയിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു.
ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്നാണ് ചട്ടം. അതിനാല്‍ അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ് കോണ്‍ഗ്രസ്സിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വീറ്റ് ചെയ്തു.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ അമേരിക്ക നല്കുന്ന സാമ്ബത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും. ചൈനയ്ക്ക് അനുകൂലമായ ലോകാരോഗ്യ സംഘടനയുടെ നിലപാടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
രാജ്യത്ത് ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു.