എഴുത്തിൽ ആത്മാർത്ഥത വേണമെന്ന് ഇന്ദുഗോപൻ; എഡിറ്റിംഗ് പ്രയാസമെന്ന് സന്തോഷ്‌കുമാർ
എഴുത്തിൽ ആത്മാർത്ഥതയുണ്ടാവണമെന്നും അതിൽ നിഷ്കളങ്കതയുടെ അംശം എപ്പോഴും സൂക്ഷിക്കണമെന്നും ജി ആർ ഇന്ദുഗോപൻ. നിയമസഭാ പുസ്തകോത്സവത്തിൽ ഫിക്ഷന്റെ നിർമാണകല എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർക്കശമായ എഡിറ്റിംഗ് രീതി ഫിക്ഷനിൽ അനിവാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അനുഭവ തലങ്ങളിൽ നിൽക്കുന്നവരോട് ഇടപെടുമ്പോൾ സൃഷ്ടികൾ യാഥാർത്ഥ്യത്തോടൊപ്പം ചേർന്ന് നിൽക്കണമെന്നും ‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ‘ എന്ന പുസ്തകത്തെ അധികരിച്ചു അദ്ദേഹം പറഞ്ഞു.
ഫിക്ഷനിൽ എഡിറ്റിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്നു ഇ സന്തോഷ്‌കുമാർ പറഞ്ഞു. എഴുത്തുകാരൻ തന്റെ ആശയങ്ങളും ഗവേഷണങ്ങളും ഫിക്ഷനിലേക്ക് പരിമിതികളോടെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുവരുടെയും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടികളും അതിന്റെ കഥാ സന്ദർഭങ്ങളും എഡിറ്റിംഗിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.