മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു
സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊമ്മയാട് പടക്കോട്ട്കുന്ന് ആദിവാസി ഊരിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ലിംഗനീതി ഉറപ്പുവരുത്തി സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നടത്തിയ ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ അഡ്വ. ടി.ജെ.ജോസഫ്, അഡ്വ .ജിജി മോൾ, ജെ.എച്ച്.ഐ ഷിഫാ നത്ത് പി, ജയരാജൻ ആലഞ്ചേരി എന്നിവർ ബോധവത്ക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 1966 ൽ ആറാം തരം വിദ്യാഭ്യാസം നേടിയ ഊരു മൂപ്പൻ വോളനെ പരിപാടിയിൽ ആദരിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ സൽമത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പൈനാടത്ത്, അബ്ദുള്ള കണിയാങ്കണ്ടി, സ്മിത മേരി ജോയി, വാർഡ് വികസന സമിതി കൺവീനർ എ.വി. ജോസ്, മക്കിയാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷില്ലി ജോസ്, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ ടി.വി. ശ്രീജൻ, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോ-ഓർഡിനേറ്റർ വി.ഡി അംബിക എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സാക്ഷരതാ മിഷൻ – മഹിളാ സമഖ്യ പ്രവർത്തകർ, തുല്യത പഠിതാക്കൾ, ഊര് വാസികൾ എന്നിവർ പങ്കെടുത്തു.