ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടിപ്പാലം വരെയുള്ള റോഡ് തിരുവനന്തപത്തെ മാനവീയം വീഥി മാതൃകയില്‍ മാറ്റുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാനവീയം വീഥി പോലെ ജനങ്ങള്‍ക്ക് വന്ന് സമയം ചെലവിടാനും ഭക്ഷണം കഴിക്കാനുമുള്ള ഏറ്റവും നല്ലയിടമായി റോഡിനെ മാറ്റുമെന്നും ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
കനാല്‍ വൃത്തിയാക്കി ബോട്ടിങ്ങും വളപ്പ് മത്സ്യ കൃഷിയും ഏര്‍പ്പെടുത്താം. ആവശ്യത്തിന് ലൈറ്റിങ്ങ് സ്ഥാപിച്ച് റോഡിനെ മനോഹരമാക്കുന്നതിലൂടെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് സാംസ്‌കാരികം ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാന്‍ കഴിയും. ടൂറിസം വകുപ്പ് മന്ത്രിയുമായി സംസാരിച്ച് പദ്ധതിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പുനല്‍കി.
വാടക്കനാലിനെ കുറുകെ വെള്ളാപ്പള്ളിയില്‍ ഇരുവശത്തും നടപ്പാതയോടുകൂടി 11 മീറ്റര്‍ വീതിയിലും 15.65 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മ്മിക്കുക. മൂന്ന് പാലങ്ങള്‍ക്കും കൂടി 9.76 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ചടങ്ങില്‍ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.കെ ജയമ്മ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമിറ്റി അധ്യക്ഷന്‍ എം.ആര്‍ പ്രേം, നഗരസഭ കൗണ്‍സിലര്‍മാരായ ഗോപിക വിജയ പ്രസാദ്, പി. റഹിയാനത്ത്, ഹെലന്‍ ഫെര്‍ണാണ്ടസ്, ജ്യോതി പ്രകാശ്, മോനിഷ ശ്യാം, കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരന്‍ ബാബു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സോഫി അഗസ്റ്റിന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.