
ഛത്തീസ്ഗഡിൽ 22 മാവോയിസ്റ്റുകൾ അറസ്റ്റിൽ: സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
ഛത്തീസ്ഗഡിലെ ബീജാപൂരിൽ 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളടക്കം പിടിച്ചെടുത്തു. മൂന്നിടങ്ങളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ടെക്മെറ്റ്ല വില്ലേജിലെ കാട്ടിൽ നിന്നാണ് ഏഴുപേരെ പിടികൂടിയത്. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെൽചാർ ഗ്രാമത്തിൽ നിന്ന് ആറുപേരെയും നെലാസ്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കണ്ടകർക ഗ്രാമത്തിലെ കാട്ടിൽ നിന്ന് 9 പേരെയും പിടികൂടി. കോബ്ര ടീമും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവർ അറസ്റ്റിലായത്. ടിഫിൻ ബോംബുകൾ, ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് വയറുകൾ, ബാറ്ററി, ലഘുലേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. അറസ്റ്റിലായ നക്സലൈറ്റുകളെല്ലാം 19നും 45നും ഇടയിൽ പ്രായമുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കി.