
ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ജസ്റ്റിസ് ഖന്ന മെയ് 13 ന് വിരമിച്ചതിന് ശേഷം മെയ് 14 നായിരിക്കും ഭൂഷൺ രാമകൃഷ്ണ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുക. 2025 നവംബറിലാണ് ഭൂഷൺ രാമകൃഷ്ണ ഗവായി വിരമിക്കുന്നത്. ആയതിനാൽ ആറ് മാസത്തേക്കായിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനമേൽക്കുക.
2007-ൽ രാജ്യത്തെ പരമോന്നത ജുഡീഷ്യൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് സ്ഥാനമേൽക്കുന്ന രണ്ടാമത്തെ വ്യക്തിയായിരിക്കും ജസ്റ്റിസ് ബി ആർ ഗവായ്. സുപ്രീം കോടതിയിലെ ഒരു മുതിർന്ന ജഡ്ജിയായി തുടരുന്ന ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. 2016 ലെ മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം ശരിവച്ചതും ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതും ഇതിൽ ഉൾപ്പെടുന്നവയാണ്.