
ഒമാനിൽ നിന്നും കടത്തിയത് കിലോക്കണക്കിന് രാസലഹരി
കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും ‘സംശയമുന’ തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ അന്നാട്ടിലുള്ള കർശന നിയമങ്ങൾ തന്നെയായിരുന്നു അതിനു കാരണം. എന്നാൽ കഴിഞ്ഞ ദിവസം അധികൃതരുടെ കൺമുന്നിലൂടെ ഒമാനിൽനിന്ന് കിലോക്കണക്കിന് രാസലഹരി യുവാവ് കടത്തിയതോടെ ഉദ്യോഗസ്ഥരുടെ ഈ ‘തെറ്റിധാരണ’ മാറി.
മലപ്പുറം കൊണ്ടോട്ടി മുക്കോട് സ്വദേശി പി. ആഷിഖാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഒമാനിൽനിന്നു കേരളത്തിലെത്തിച്ചത്. ഒമാനിൽ നിന്ന് അടുത്തിടെ ആഷിഖിന് പാഴ്സൽ വന്നിരുന്നെന്ന വിവരത്തെ തുടർന്ന് കരിപ്പൂർ പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് 1.65 കിലോ എഡിഎംഎ. ഈ സമയം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു ആഷിഖ്. കേരളത്തിൽ രാസലഹരി എത്തിക്കുന്ന വലിെയാരു റാക്കറ്റിന്റെ നേതാവാണ് ആഷിഖ് എന്ന് പൊലീസ് പറയുന്നു.
ഒമാനിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ആഷിഖാണ് ലഹരി ഇടപാട് നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിക്കായി ഒമാനിൽ എത്തിയ മാഗി പിന്നീട് സംഘത്തിനൊപ്പം ചേർന്ന് വിമാനമാർഗം ലഹരിക്കടത്തിന് തയാറാവുകയുമായിരുന്നു. ഒരു ലക്ഷം രൂപയാണ് കടത്തിന് ലഭിച്ചിരുന്നത്. സംഘത്തിനൊപ്പമുള്ള ആദ്യ ലഹരിക്കടത്തിൽ തന്നെ മാഗി അറസ്റ്റിലാവുകയായിരുന്നു. ഇസ്മായിൽ സേഠാണ് സംഘത്തിന്റെ കൊച്ചിയിലെ ലഹരി ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.
ഒമാനിൽ നിന്ന് പാഴ്സൽ എത്തിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 48 പായ്ക്കറ്റുകളിലാക്കി എത്തിച്ച 1.65 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ജനുവരി അവസാനം മട്ടാഞ്ചേരി സ്റ്റേഷൻ പരിധിയിലെ 2 സ്ഥലങ്ങളിലും ഫോർട്ട് കൊച്ചി, പള്ളുരുത്തി സ്റ്റേഷനുകളുടെ പരിധിയിലുള്ള ഓരോ സ്ഥലങ്ങളിൽ നിന്നുമായി മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും നടത്തിയ പരിശോധനകളില്‍ 7 പ്രതികളെ പിടികൂടിയിരുന്നു.
മഹാരാഷ്ട്ര പുണെ സ്വദേശിനി ആയിഷ ഗഫാർ സെയ്ത് (39), ഇവരുടെ പങ്കാളിയായ മലയാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദ്നാൻ സവാദ് (22), ഷഞ്ജൽ (34), മുഹമ്മദ് അജ്മൽ (28) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പള്ളുരുത്തി വെളി സ്വദേശി ബാദുഷ (29) പിന്നീട് അറസ്റ്റിലായി. 443.16 ഗ്രാം എംഡിഎംഎ, 6.8 ഗ്രാം കഞ്ചാവ്, 9.41 ഗ്രാം ഹാഷിഷ് ഓയിൽ, 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് അടക്കം കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് അന്ന് ഇവരിൽനിന്നു പിടിച്ചെടുത്തത്. ആയിഷയും റിഫാസും മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ച് ലഹരി ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. എവിടെ നിന്നാണ് പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നതെന്ന് അന്വേഷണത്തിലാണ് പൊലീസ് സംഘം ആഷിഖിലേക്ക് എത്തിയത്