
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നില്‍ ഖലിസ്ഥാനികളെന്ന് സംശയം
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. ഇതിനിടയിലാണ് ആക്രമണ ശ്രമമുണ്ടായത്. പിന്നില്‍ ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്.
ഖലിസ്ഥാന്‍ സംഘടനയുടെ ആളുകള്‍ പ്രതിഷേധിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നിന്നൊരാള്‍ വാഹനത്തിന്റെ മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക വലിച്ചുകീറുകയും ചെയ്തു. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ചര്‍ച്ച പുരോഗമിക്കവേ പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ സംഘടനയുടെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തില്‍ ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.