
വീണ്ടും ദക്ഷിണാഫ്രിക്ക വീണു; ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്നിംഗ്സിലെ അവസാന പന്തില്‍ സെഞ്ചുറിയിലെത്തിയ ഡേവിഡ് മില്ലര്‍(67 പന്തില്‍ 100*) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മില്ലര്‍ക്ക് പുറമെ 69 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനും 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബാ ബാവുമയും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയുള്ളു. ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 362-6, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 312-9.