അദാനിക്ക് ബംഗ്ളാദേശ് നൽകാനുള്ളത് 846 ദശലക്ഷം ഡോളർ; വൈദ്യുതി പ്രതിസന്ധിയിൽ രാജ്യം
അദാനി പവറിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചു. 846 ദശലക്ഷം അമേരിക്കൻ ഡോളർ കുടിശികയായതോടെയാണ് തീരുമാനം. വ്യാഴാഴ്ച മുതൽ അദാനി പ്ലാൻ്റിൽ നിന്ന് വൈദ്യുതി എത്താതായതോടെ ബംഗ്ലാദേശിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.
രാജ്യത്ത് 1600 മെഗാവാട്ടിലധികം വൈദ്യുതിയുടെ ദൗർലഭ്യം നേരിടുന്നുണ്ട്. അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് 1496 മെഗാവാട്ട് ഉൽപ്പാദന ശേഷിയുണ്ടെങ്കിലും സിംഗിൾ യൂണിറ്റ് വഴി 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നതെന്നാണ് വിവരം. ഒക്ടോബർ 30 നകം കുടിശിക തീർക്കണമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്മെൻ്റ് ബോർഡിന് അദാനി കമ്പനി കത്തയച്ചിരുന്നെങ്കിലും ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല.
ഇതോടെയാണ് വെറുതെ തരാൻ വൈദ്യുതിയില്ലെന്ന നിലപാട് വ്യക്തമാക്കി അദാനി കമ്പനി വിതരണം വെട്ടിക്കുറച്ചത്. തരാനുള്ള 846 ദശലക്ഷം ഡോളറിൻ്റെ കാര്യത്തിൽ ബംഗ്ലാദേശ് യാതൊരു നിലപാടും അറിയിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് കൃഷി ബാങ്കിൽ നിന്ന് 170 ദശലക്ഷം ഡോളർ ലഭിക്കുന്നതിന് ക്രെഡിറ്റ് ലെറ്റർ നൽകിയില്ലെന്നും അദാനി കമ്പനിക്ക് പരാതിയുണ്ട്.
ജൂലൈ മാസം മുതൽ അദാനി ഗ്രൂപ്പ് വൈദ്യുതിക്ക് അധിക നിരക്കാണ് ഈടാക്കുന്നതെന്നും നേരത്തെ ആഴ്ചതോറും 18 ദശലക്ഷം നൽകിയ സ്ഥാനത്ത് ജൂലൈ മാസത്തോടെ ആഴ്ചയിൽ 22 ദശലക്ഷം വീതമാണ് അദാനി ഗ്രൂപ്പ് ഈടാക്കുന്നതെന്നും ബംഗ്ലാദേശിലെ ഊർജ്ജ മന്ത്രാലയം പ്രതിനിധികളെ ഉദ്ധരിച്ച് വന്ന റിപ്പോർട്ടുകൾ പറയുന്നു. അധികാരമേറ്റെടുത്തത് മുതൽ ഇടക്കാല സർക്കാരിനെ വൈദ്യുതി കുടിശിക തീർക്കാൻ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പ്രതിനിധികൾ ബന്ധപ്പെട്ടിരുന്നു.