ആദ്യത്തെ എആർ ഗ്ലാസ് അവതരിപ്പിച്ച് മെറ്റ: ഓറിയോൺ വിപണിയിലെത്താൻ വൈകും
ആദ്യത്തെ എആർ ഗ്ലാസുകൾ അവതരിപ്പിച്ച് മെറ്റ. ഇന്നലെ നടന്ന മെറ്റ കണക്ട് 2024ലിൽ ഓറിയോൺ എന്ന എആർ ഗ്ലാസിന്റെ പ്രോട്ടോ ടൈപ് അവതരിപ്പിച്ചു. എആർ ഗ്ലാസ് വിപണിയിലെത്താൻ വൈകുമെന്നാണ് റിപ്പോർട്ട്. സിലിക്കൺ-കാർബൈഡ് ആർക്കിടെക്ചർ ഉപയോഗിച്ച് ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ പരിതസ്ഥിതിയുമായി ചേർന്ന് നിൽക്കുന്ന ഹോളോഗ്രാഫിക് പ്രൊജക്ഷനുകൾ ഒരുക്കുന്ന രീതിയിലാണ് എആർ ഗ്ലാസിന്റെ നിർമാണം.
എഐ വോയ്‌സ് അസിസ്റ്റൻസ്, ഹാൻഡ്-ട്രാക്കിംഗ്, ഐ ട്രാക്കിംഗ്, ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ന്യൂറൽ ഇൻ്റർഫേസ് എന്നിവ ഈ ഗ്ലാസുകളിൽ സജ്ജീകരിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. ഭാവിയിൽ എ ആർ ഗ്ലാസുകൾ സ്മാർട് ഫോണുകൾക്ക് പകരമാകുമെന്ന് കരുതുന്നതായും സക്കർബർഗ് പറഞ്ഞു.
സാധാരണ കണ്ണടകൾക്ക് കാഴ്ചയിൽ സമാനമായാണ് ഓറിയോൺ എആർ ഗ്ലാസ് രൂപകല്പന ചെയ്തിരിക്കുന്നത്. വിശാലമായ കാഴ്ച പരിധിയുള്ള ഏറ്റവു ചെറിയ ഗ്ലാസാണ് ഇന്നലെ അവതരിപ്പിച്ച എആർ ഗ്ലാസ്. 2D, 3D കാഴ്ച സാധ്യമാകുമെന്നും മൾട്ടി-ടാസ്‌കിംഗ് കൈകാര്യം ചെയ്യാമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.