എക്സാലോജിക് ഹർജിയിൽ വിധി പിന്നീട് ; അതുവരെ നടപടി പാടില്ലെന്ന് കർണാടക ഹെെക്കോടതി
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന - സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയിൽ നീങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് എസ്എഫ്ഐഒയുടെ തുടർനീക്കങ്ങൾ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ. ആരോപണമുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികരണമോ നിയമ പോരാട്ടമോ നടത്താത്ത എക്‌സാലോജിക്, എസ്എഫ്ഐഒ അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്.