പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഓറഞ്ച് ജേഴ്സിയോ ? സത്യമിതാണ്
ഏകദിന ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഒക്ടോബർ 14ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ– പാക്ക് പോരാട്ടം. ഈ കളിയിൽ ഇന്ത്യ ഓറഞ്ച് ജഴ്സി ധരിച്ചായിരിക്കും കളിക്കാനിറങ്ങുകയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ട്.
2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ പതിവ് നീല ജഴ്സി മാറ്റി, മറ്റൊരു ജഴ്സിയിലും ഇന്ത്യ കളിക്കാനിറങ്ങിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു മുൻപ് ചെന്നൈയിൽ ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങിയത് ഓറഞ്ച് നിറത്തിലുള്ള ജഴ്സി ധരിച്ചായിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ ഓറഞ്ച് ജഴ്സി അണിയാനുള്ള യാതൊരു ആലോചനയുമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
ലോകകപ്പിൽ ഇന്ത്യ നീല ജഴ്സി മാത്രമായിരിക്കും ധരിക്കുകയെന്ന് ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ വ്യക്തമാക്കി. ‘‘പാക്കിസ്ഥാനെതിരെ മറ്റൊരു ജഴ്സി ധരിക്കാൻ ആലോചിക്കുന്നെന്ന റിപ്പോർട്ടുകൾ തള്ളുകയാണ്. ഇത്തരം കാര്യങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. നീല നിറത്തിലുള്ള ജഴ്സിയായിരിക്കും ലോകകപ്പിൽ ടീം ഇന്ത്യയുടേത്.’’– ആശിഷ് ഷെലാർ വ്യക്തമാക്കി.