ത്രെഡ്സിന് വൻ ഇടിവ്: ഫോളോവേഴ്സിനെ നിലനിർത്താൻ പദ്ധതികളുമായി മെറ്റ
ട്വിറ്ററിന്റെ പുത്തൻ 'X' പരിഷ്കരണവും ത്രെഡ്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ വരവുമെല്ലാം ടെക്ക് ലോകത്ത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ലോഞ്ച് ചെയ്ത് ആഴ്ചകൾക്കുള്ളിൽ ത്രെഡ്സിന് തങ്ങളുടെ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം ടൗൺ ഹാൾ മീറ്റിംഗിൽ ജീവനക്കാരെ അറിയിച്ചത്.
'ത്രെഡ്സിൽ 100 ദശലക്ഷത്തിലധികം ആളുകൾ സൈൻ അപ്പ് ചെയ്തിട്ടുണ്ടെങ്കിൽ, അവരിൽ പകുതിയോളം ആളുകൾ അതിൽ തുടരേണ്ടതുണ്ട്. എന്നാൽ അതിന് സാധിച്ചില്ല,' സക്കർബർഗ് പറഞ്ഞു. ഡെസ്ക്ടോപ്പ് വേർഷനും സെർച്ചിങ് ഓപ്ഷനും ഉൾപ്പെടെ ആപ്ലിക്കേഷനിലേക്ക് കമ്പനി കൂടുതൽ സവിശേഷതകൾ ചേർക്കുന്നതിനാൽ ഈ ഡ്രോപ്പ്-ഓഫ് "സാധാരണ" ആണെന്നും മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഉപയോക്താക്കളെ ത്രെഡ്സിൽ നിലനിർത്തുന്നതിനുള്ള പദ്ധതികൾ മെറ്റ ആരംഭിച്ചതായാണ് സൂചന. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പ്രധാന ത്രെഡുകൾ ലഭ്യമാകുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതിയുള്ളതായി ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു മെറ്റ തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ് പുറത്തിറക്കിയത്. ആദ്യവാരങ്ങളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ലഭിച്ച ത്രെഡ്സിന് പിന്നീട് അത് നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 49 ദശലക്ഷത്തിലേക്കും അവിടെ നിന്നും നിന്ന് 23.6 ദശലക്ഷത്തിലേക്കും കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ത്രെഡ്സിൽ നിരവധി പുതിയ ഫീച്ചറുകളും കൊണ്ടുവന്നിരുന്നു. ക്രോണോളജിക്കൽ ഫീഡും ട്രാൻസലേഷനുമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് ഈ ഫീച്ചറുകളെക്കുറിച്ച് അറിയിച്ചത്. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈലുകൾ രണ്ട് തരത്തിൽ കാണാൻ കഴിയുന്നതിനുള്ള ഫീച്ചറുകളും കമ്പനി കൊണ്ടുവന്നിരുന്നു.