ഇന്ത്യയിലെ ഐ.ടി. ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഗൂഗിള്‍
ന്യൂഡല്‍ഹി: സെര്‍ച്ച് എന്ജിന് മാത്രമായതിനാല്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന പുതിയ ഐ.ടി. ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്ന വാദവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ ഗൂഗിള്‍. തങ്ങള്‍ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാധ്യമ ഇടനിലക്കാരല്ലെന്നും അതിനാല്‍ ഐ.ടി. ചട്ടം ബാധകമല്ലെന്നുമാണ് അമേരിക്കന്‍ കമ്ബനിയായ ഗൂഗിള്‍ അറിയിച്ചത്.
കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗൂഗിള്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് കേന്ദ്രത്തിന്റെ മറുപടി തേടി. കേസ് ജൂലായ് 25-ന് വീണ്ടും പരിഗണിക്കും.
യുവതിയുടെ ചിത്രം അശ്ലീല വെബ്സൈറ്റില്‍ നിന്ന് നീക്കാന്‍ കോടതിയുത്തരവുണ്ടായിട്ടും പൂര്‍ണമായും നീക്കിയില്ലെന്ന പരാതിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വേള്‍ഡ് വൈഡ് വെബ്ബില്‍നിന്ന് ചിത്രം പൂര്‍ണമായും നീക്കിയിട്ടില്ലെന്നും മറ്റുപല വെബ്സൈറ്റുകളിലും ചിത്രം പ്രചരിക്കുന്നുണ്ടെന്നുമാണ് സ്ത്രീ പരാതിപ്പെട്ടത്. തുടര്‍ന്നാണ് ഗൂഗിളിനോട് ചിത്രം നീക്കാന്‍ ഏപ്രില്‍ 20-ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഇതേ തുടര്‍ന്ന് തങ്ങള്‍ സാമൂഹിക മാധ്യമ ഇടനിലക്കാരാണെന്ന സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം റദ്ദാക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ പരാതിയില്‍ മറുപടി പറയാന്‍ കേന്ദ്രത്തിന് പുറമേ ഡല്‍ഹി സര്‍ക്കാര്‍, ഫേസ്ബുക്ക് , ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, അശ്ലീല വെബ്സൈറ്റ്, പരാതിക്കാരി എന്നിവരോടും ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.