യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്
യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. യുഡിഎഫ് യോഗം വിളിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. യുഡിഎഫ് കൺവീനറായ താനല്ല മറുപടി പറയ…

യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. യുഡിഎഫ് യോഗം വിളിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്. യുഡിഎഫ് കൺവീനറായ താനല്ല മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ല. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എ.ഐ.സി.സിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതൃപ്തിയെ കുറിച്ച് അറിയിക്കേണ്ടിടത് അറിയിക്കും. ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായി. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കൺവീനറുടെ ചുമതലയാണ്. പക്ഷേ ചെയർമാന്റെ അനുമതിയോടെയാണ് ചെയ്യുക. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്.
തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾ തന്നെയാണെന്നും അർഹതപ്പെടാത്ത ആർക്കും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിൽ ഖേദമുണ്ട്. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.




