'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി
2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത കോടതി. വംശഹത്യക്കെതിരെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര കോടതി ഒരു രാജ്യത്തെ പ്രതിക്കൂട്ടിലാക്കി വിധി പുറപ്പെടുവിക…

2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത കോടതി. വംശഹത്യക്കെതിരെ ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര കോടതി ഒരു രാജ്യത്തെ പ്രതിക്കൂട്ടിലാക്കി വിധി പുറപ്പെടുവിക്കുന്നത്. ആറിനെതിരെ ഒൻപത് വോട്ടുകൾക്കാണ് കോടതി മ്യാൻമറിനെതിരെ വിധി പുറപ്പെടുവിച്ചത്.
'വംശഹത്യ തടയുന്നതിനുള്ള രാജ്യാന്തര ഉടമ്പടികൾ ലംഘിച്ചുകൊണ്ട്, വടക്കൻ റാഖൈൻ പ്രവിശ്യയിലെ റോഹിങ്ക്യൻ ജനതയ്‌ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി കണ്ടെത്തിയിരിക്കുന്നു.' വിധിന്യായം വായിച്ചുകൊണ്ട് രാജ്യാന്തര നീതിന്യായ കോടതി പ്രസിഡൻ്റ് ജഡ്ജി യുജി ഇവാസാവ പറഞ്ഞു. 'മ്യാൻമറിലെ സുരക്ഷാ സേന ആയിരക്കണക്കിന് റോഹിങ്ക്യൻ പൗന്മാരെ കൊലപ്പെടുത്തി, വ്യാപകമായി ലൈംഗിക അതിക്രമങ്ങളും കുട്ടികൾക്കെതിരെ ആക്രമണങ്ങളും നടത്തി. ബംഗ്ലാദേശിലേക്ക് വൻതോതിൽ പലായനം ചെയ്യാൻ ശ്രമിച്ച റോഹിങ്ക്യകളെ ആക്രമിച്ചു.' കോടതി കൂട്ടിച്ചേർത്തു.
മ്യാൻമറിലെ റോഹിങ്ക്യൻ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മ്യാൻമറിൻ്റെ സുരക്ഷാ സേന വംശഹത്യ കൺവെൻഷൻ പ്രകാരം നിരോധിച്ചിരിക്കുന്ന പ്രവൃത്തികൾ ചെയ്തതെന്ന് ജഡ്ജിമാർ കണ്ടെത്തി. അക്രമത്തിൻ്റെ വ്യാപ്തിയും രീതികളും സൈനിക ആവശ്യകതയ്ക്ക് അപ്പുറത്തേക്ക് പോയി എന്നും കോടതി ചൂണ്ടിക്കാട്ടി. വംശഹത്യ നടത്തിയവരെ ശിക്ഷിക്കാനുള്ള ബാധ്യത നിറവേറ്റുന്നതിൽ മ്യാൻമർ പരാജയപ്പെട്ടുവെന്നും കണ്ടെത്തി.




