FSSAIക്കെതിരെ റെഡ് ബുൾ കോടതിയിൽ
എനര്‍ജി ഡ്രിങ്ക് പദം ഉപയോഗിക്കുന്നത് വിലക്കിയ FSSAI തീരുമാനത്തെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് റെഡ് ബുള്‍. ഓസ്ട്രിയന്‍ ശീതള പാനീയ കമ്പനിയായ റെഡ് ബുള്ളിന്റെ ചില പാനീയങ്ങളില്‍ എനര്‍ജി ഡ്രിങ്…

എനര്‍ജി ഡ്രിങ്ക് പദം ഉപയോഗിക്കുന്നത് വിലക്കിയ FSSAI തീരുമാനത്തെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് റെഡ് ബുള്‍. ഓസ്ട്രിയന്‍ ശീതള പാനീയ കമ്പനിയായ റെഡ് ബുള്ളിന്റെ ചില പാനീയങ്ങളില്‍ എനര്‍ജി ഡ്രിങ്ക് പദം ഉപയോഗിക്കുന്നതിനെയാണ് FSSAI വിലക്കിയത്.
നടപടിക്ക് മുമ്പ് റെഗുലേറ്റര്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയില്ലെന്നാണ് റെഡ് ബുള്‍ കോടതിയില്‍ വാദിച്ചത്. ഈ നടപടി ഇന്ത്യയിലെ കമ്പനിയുടെ നിക്ഷേപങ്ങളെ ബാധിച്ചേക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജൂണ്‍ മാസത്തെ തീരുമാനത്തിനെതിരെ ഔദ്യോഗികമായി നിയമനടപടി സ്വീകരിക്കുന്ന ആദ്യ കമ്പനിയാണ് റെഡ്ബുള്‍. സെപ്റ്റംബര്‍ 25നാണ് കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്. എനര്‍ജി ഡ്രിങ്ക് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാന്‍ഡിങ് ആണെന്നായിരുന്നു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം.
ഇന്ത്യയിലെ റെഡ് ബുള്‍ യൂണിറ്റ് നിയന്ത്രണത്തെ 'പെട്ടെന്നുള്ള നിരോധനം' എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. നിയന്ത്രണം നിലവില്‍ വന്നതോടെ തങ്ങളുടെ ബിസിനസ് നിലച്ചിരിക്കുകയാണെന്നും കമ്പനി അവകാശപ്പെട്ടു.
റെഡ് ബുള്‍-എഫ്എസ്എസ്എഐ തര്‍ക്കം നടക്കുന്നതിനിടെ ഇന്ത്യയിലെ എനര്‍ജി ഡ്രിങ്ക് വിപണി അതിവേഗം വളരുകയാണ്. യൂറോമോണിറ്ററിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ എനര്‍ജി ഡ്രിങ്കുകളുടെ റീട്ടെയില്‍ വില്‍പ്പന പ്രതിവര്‍ഷം 12.6 ശതമാനം നിരക്കിലാണ് വളരുന്നത്. അമേരിക്കയിലെയും ചൈനയിലെയും വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണിത്. 2017ല്‍ ഇന്ത്യയില്‍ പെപ്‌സിയുടെ Sting അവതരിപ്പിച്ചതോടെ വിപണിക്ക് വലിയ ഉണര്‍വ് ലഭിച്ചു. 20 രൂപ വിലയുള്ള സ്റ്റിങ് ബോട്ടില്‍ 15 മുതല്‍ 19 വയസ്സുവരെയുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായിരുന്നുവെന്ന് യൂറോമോണിറ്റര്‍ വ്യക്തമാക്കുന്നു.
2024ല്‍ റെഡ് ബുള്‍ ഇന്ത്യയുടെ വരുമാനം 130 മില്യണ്‍ ഡോളറിലെത്തിയിരുന്നു. നാല് വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയിലധികമാണിത്. ഇന്ത്യയിലെ എനര്‍ജി ഡ്രിങ്ക് വിപണി 2028ഓടെ 1.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിനെതിരെ ആശങ്ക ഉന്നയിച്ച നിരവധി കമ്പനികളില്‍ പെപ്‌സി, മോണ്‍സ്റ്റര്‍ ബിവറേജ്, റിലയന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. ഇവയും എനര്‍ജി ഡ്രിങ്ക് ലേബലിലുള്ള ശീതള പാനീയങ്ങളാണ്.




