രാജ്യസഭയിലും മോദി സർക്കാർ ഭൂരിപക്ഷത്തിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാനൊരുങ്ങുന്നു
ന്യൂഡൽഹി : കഴിഞ്ഞ തവണ രാജ്യസഭയിൽ ഭൂരിപക്ഷമയില്ലാത്തതിന്റെ പേരിൽ പല നിർണ്ണായക ബില്ലുകളും പാസ്സാക്കാൻ മോദി സർക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാൽ രാജ്യസഭയിലും മോദി സർക്കാർ ഉടൻ ഭൂരിപക്ഷത്തിൽ എത്തും എന്നാണ് നിലവിലെ കണക്കുകൾ നൽകുന്ന സൂചന. അടുത്തിടെ
രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരിൽ അഞ്ചു പേർ ബിജെപിയിൽ ചേർന്നതോടെ സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷമാകാൻ ഇനി വെറും ആറു സീറ്റുകൾ മാത്രം മതി. നാല് ടിഡിപി എം.പി മാരും ഒരു ഐ.എൻ.എൽ.ഡി എം.പിയും ബിജെപിയിൽ ചേർന്നതാണ് സർക്കാരിന് തുണയായത്.
പത്ത് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ നിലവിൽ 235 അംഗങ്ങളുള്ള രാജ്യസഭയിൽ 111 അംഗങ്ങളുടെ പിന്തുണയാണ് സർക്കാരിനുള്ളത്. ജൂലൈ അഞ്ചോടെ ആറു സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാല് എം.പിമാർ കൂടെ സർക്കാരിനൊപ്പമെത്തും. ഇതോടെ അംഗസംഖ്യ 115 ലെത്തും. ആകെ സംഖ്യ 245 ആയാൽ തന്നെയും പല ബില്ലുകൾക്കും ടി.ആർ.എസ്, ബിജെഡി , വൈ എസ് ആർ കോൺഗ്രസ് എന്നിവയുടെ പിന്തുണ കൂടി ഉള്ളപ്പോൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തികച്ചും അനായാസമാകുമെന്നാണ് നിരീക്ഷണം.