ശബരിമല അവകാശം സ്ഥാപിക്കേണ്ട ഇടമല്ലെന്നു കെകെ ശൈലജ; എന്നാൽ സ്ത്രീകള്‍ക്ക് അശുദ്ധിയുമില്ല
അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വനിത മാസികക്ക് നല്കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.
‘‘ശബരിമല വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകൾ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മല കയറുന്നതിൽ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാൻ അദമ്യമായ ആഗ്രഹം ഉണ്ടെങ്കിൽ അവരെ തടയരുത്. അവർ മനസമാധാനത്തോടെ പോയി തൊഴുതു തിരിച്ചു വരട്ടെ. എന്തിനാണ് അവരെ തടയുന്നത് ?
എന്നാൽ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി മലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സംഘർഷം ഉണ്ടാക്കാനേ അത് ഉപകരിക്കൂ. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. പക്ഷേ, അതിന്റെ പേരിൽ ചാടിപ്പുറപ്പെടണോ? അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവർക്ക് എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ല - മന്ത്രി വ്യക്തമാക്കി.