ജാമിയ മിലിയയില്‍ വെടിവെപ്പുണ്ടായതായുള്ള സംശയം ബലപ്പെടുന്നു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് വെടിവെച്ചതായുള്ള സംശയം ബലപ്പെടുന്നു. പരിക്കുകളോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ രേഖകള്‍ പുറത്തുവന്നു. ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് തമീമിന്റെ കാലിലുള്ള പരിക്ക് വെടിയേറ്റാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. അതേസമയം, വെടിവെച്ചിട്ടില്ലെന്നും ടിയര്‍ ഗ്യാസ് ഷെല്‍ കൊണ്ടുള്ള പരിക്കാണെന്നുമാണ് പോലീസ് നിലപാട്.
മുഹമ്മദ് തമീമിന്റെ ഇടത്തെ കാലില്‍ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്നാണ് വിദ്യാര്‍ഥിയുടെ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കാലില്‍നിന്ന് ഒരു 'അന്യവസ്തു' നീക്കംചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ മുഹമ്മദ് തമീമിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റു രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ നില ഗുരുതരമല്ലെന്നുമാണ് സൂചന.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെടിയേറ്റനിലയില്‍ രണ്ടുപേര്‍ ചികിത്സയിലുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സഫ്ദര്‍ജങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അജാസ് (22) ഷൊയബ് ഖാന് (23) എന്നീ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. നെഞ്ചിന്റെ വശത്താണ് വെടിയേറ്റതെന്നും ഇയാള്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഷൊയബിന് കാലിലാണ് പരിക്ക്.