മനം മയക്കും ഫോർസ
ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ല ഒരു സെഗ്മെന്റാണ് മാക്സി സ്കൂട്ടറുകള്. ബൈക്കുകളെക്കാള്‍ കരുത്തന് രൂപമുള്ള വലിയ മാക്സി സ്കൂട്ടറുകള് വിദേശ രാജ്യങ്ങളില്‍ താരമാണ്. സുസുക്കി കഴിഞ്ഞ വര്‍ഷം ചെറു മാക്സി സ്കൂട്ടര്‍ ബര്ഗ്മാന് സ്ട്രീറ്റ് 125 മോഡല്‍ ഇന്ത്യയില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആഗോളതലത്തില്‍ നിരവധി മാക്സി സ്കൂട്ടറുകള് പുറത്തിറക്കുന്ന ഹോണ്ടയും ഇന്ത്യന്‍ വിപണിയിലേക്ക് മാക്സി സ്കൂട്ടറുകള് എത്തിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണ്ട ഫോര്‍സ 300 മാക്സി സ്കൂട്ടര്‍ ഈ വര്‍ഷം അവസാനത്തോടെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
വലിയ ഫ്രണ്ട് ആപ്രോണ്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് വിന്‍ഡ്സ്ക്രീന്‍, ട്വിന്‍ ഹെഡ്ലാമ്പ്, വലിയ സ്റ്റെപ്പ്ഡ് സീറ്റ്, സ്പ്ലിറ്റഡ് ഫൂട്ട്ബോര്‍ഡ്, മുന്നിലെ 15 ഇഞ്ച് വീല്‍-പിന്നിലെ 14 ഇഞ്ച് വീല്‍ എന്നിവ സ്കൂട്ടറിന് കരുത്തന് പരിവേഷം നല്‍കും. കാറുകളിലേതിന് സമാനമായ അനലോഗ്-ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. 12 വോൾട്ട് ചാര്‍ജിങ് സോക്കറ്റ്, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്ട്രോള് എന്നിവയും ഫോര്‍സയെ വ്യത്യസ്തനാക്കും. ഫ്രണ്ട് ആപ്രോണില്‍ നിന്ന് ഉയര്‍ന്നുവരുന്ന സൈഡ് മിററിന് പിന്നിലായി ഇന്‍ഡികേറ്റര്‍ ലൈറ്റുകളും ഇടംപിടിച്ചിട്ടുണ്ട്. സീറ്റിനടിയില്‍ രണ്ട് ഫുള്‍ഫേസ് ഹെല്‍മറ്റിനുള്ള സ്റ്റോറേജ് സ്പേസുമുണ്ട്. ലോക്ക് ചെയ്യാവുന്ന ചെറു സ്റ്റോറേജ് സ്പേസ് മുന്ഭാഗത്തുമുണ്ട്. പിന്‍ഭാഗത്തും അഡീഷ്ണല്‍ സ്റ്റോറേജ് ബോക്സ് ഘടിപ്പിക്കാം.
279 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 25 പിഎസ് പവറും 27 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 33 എംഎം ടെലിസ്കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്ഷന്. സുരക്ഷയ്ക്കായി മുന്നില്‍ സിംഗിള്‍ 256 എംഎം ഡിസ്കും പിന്നില്‍ 240 എംഎം ഡിസ്ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട്.
ആദ്യഘട്ടത്തില്‍ പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാകും ഫോര്‍സ ഇങ്ങോട്ടെത്തുക. അതുകൊണ്ട് തന്നെ അഞ്ച് ലക്ഷത്തിന് മുകളില്‍ വിലയും പ്രതീക്ഷിക്കാം. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറങ്ങിയ കിംകോഎക്സ്-ടൗണ്‍ 300ഐ മാക്സി സ്കൂട്ടറായിരിക്കും ഫോര്‍സയുടെ പ്രധാന എതിരാളി. ഹോണ്ട പ്രീമിയം ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കുന്ന രാജ്യത്തെ ബിഗ്വിങ് ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും ഫോര്‍സ 300ന്റെ വില്പന.