സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേരളത്തില്‍ അസുഖം മൂലം മരിച്ചവരുടെ എണ്ണം 48 ആയി.കാസര്‍കോട്, കോഴിക്കോട്, കൊല്ലം സ്വദേശികള്‍ ആണ് മരിച്ചത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ, കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് ഇന്ന് മരിച്ചത്.
കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ മരിച്ചത്. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി കോയയ്ക്ക് കാര്യമായ കോവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഇയാള്‍ ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ റഹിയാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും സ്രവ പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുയും ചെയ്തു. ബന്ധുക്കളുടെ സ്രവം പരിശോധിച്ചപ്പോള്‍ ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചു.