റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് അപേക്ഷിക്കാം; 24 മണിക്കൂറിനുള്ളില്‍ നടപടി
തിരുവനന്തപുരം: റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ അപേക്ഷ നല്‍കാം. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് അനുവദിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അവശ്യവസ്തുക്കളുടെ വിതരണം പലര്‍ക്കും ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം.
റേഷന്‍ കാര്ഡില്ലാത്തവര്ക്കാണ് ഈ സൗകര്യം. റേഷന്‍ കാര്‍ഡ് ഒരു താലൂക്കില്‍ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം പുതിയ താലൂക്കില്‍ നിന്നും റേഷന്‍ കാര്‍ഡ് നല്കാന് കഴിയാത്തതുമായ അപേക്ഷകളും ഇതിനൊപ്പം പരിഗണിക്കും. കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി.
അക്ഷയ കേന്ദ്രങ്ങള്‍വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ച് റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷകള്‍ നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കുന്നതല്ല. റേഷന്‍ കാര്‍ഡിനായി തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയ്ക്കും നിര്‍ദ്ദേശമുണ്ട്.