'ഇവര്‍ ജീവന് കൊണ്ട് കളിക്കുന്നു'- ബി.ജെ.പിയുടെ സൗജന്യ വാക്സിനെതിരെ കമല്‍ ഹാസന്
ചെന്നൈ: കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലൂടെ പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ തമിഴ്നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന്. ബി.ജെ.പിയെയും തമിഴ്നാട്ടില്‍ അവരുമായി സംഖ്യംചേര്ന്ന എ.ഐ.എ.ഡി.എം.കെയെയും വിമര്‍ശിച്ച താരം ഇവര്‍ ജീവന് കൊണ്ട് കളിക്കുകയാണെന്ന് ആരോപിച്ചു.
'' ഇല്ലാത്ത വാക്സിനെ കുറിച്ചാണ് കപട വാഗ്ദാനം നല്‍കുന്നത്. ജനങ്ങളുടെ ദാരിദ്ര്യം വച്ചാണ് നിങ്ങള്‍ കളിക്കുന്നത്. ജീവന് വച്ച് നിങ്ങള്‍ കളിക്കുകയാണെങ്കില്‍, നിങ്ങളുടെ വിധി ജനങ്ങള്‍ തീരുമാനിക്കും''- മക്കള്‍ നീതി മയ്യം (എം.എന്‍.എം) അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന് പറഞ്ഞു.
നേരത്തെ, അടുത്ത വര്‍ഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസാമിയും കോവിഡ് വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെുപ്പ് പ്രചരണത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കോവിഡ് വാക്സിന് സൗജന്യമായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.എ.പി നേതാവ് കെജ്രിവാളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അടവ് നയത്തിനെതിരെ രംഗത്തുവന്നിരുന്നു.