സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ്
തിരുവനന്തപുരം:വസ്ത്രനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ വൻ നിക്ഷേപത്തിന് കല്യാണ്‍ സില്‍ക്ക്സ് പദ്ധതി തയ്യാറാക്കുന്നു. ലോകത്തെ തന്നെ മുന്‍നിര സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ മദ്ധ്യകേരളത്തിലാണ് വസ്ത്ര നിർമ്മാണ സംരംഭം തുടങ്ങുന്നത്. കല്യാണ്‍ സിൽക്സ് ഉടമ ടി എസ് പട്ടാഭിരാമൻ വ്യവസായ മന്ത്രി ഇ പി ജയരാജനെ നേരിട്ട് അറിയിച്ചതാണിത്. കേരളത്തില്‍ ഇത്തരമൊരു സംരംഭം തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും പട്ടാഭിരാമന് പറഞ്ഞു.തുടക്കം 100 പേർക്ക് തൊഴിൽ നല്‍കാനാകും. തുടർന്ന് ആയിരത്തിലധികം പേർ തൊഴിലെടുക്കുന്ന വിപുലമായ പ്രസ്ഥാനമായി ഈ സംരംഭത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും പട്ടാഭിരാമൻ അറിയിച്ചു.
തൃശൂർ ജില്ലയിൽ തന്നെ കല്യാണിന് ഭൂമി കണ്ടെത്തി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. സംരംഭം തുടങ്ങാൻ കല്യാണിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പട്ടാഭിരാമനെ അറിയിച്ചു. കല്യാണിന്റെ വരവ് മറ്റു നിക്ഷേപകർക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.