മേയര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കെ. ശ്രീകുമാര്‍
തിരുവനന്തപുരം : ചാക്ക കൗണ്‍സിലര്‍ കെ. ശ്രീകുമാര്‍ എല്‍.ഡി.എഫിന്റെ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് ശുപാര്‍ശ സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറും. ചൊവ്വാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്. ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് തന്നെ മേയര്‍ സ്ഥാനര്‍ത്ഥി എല്ലാവര്ക്കും സ്വീകാര്യനായ ഒരാളെ തന്നെയാക്കണമെന്ന് സി.പി.എം ജില്ലാനേതൃത്വം തീരുമാനിച്ചിരിന്നു. കൗണ്‍സിലര്‍മാര്‍ക്കിടയിലെ സ്വാധീനവും, മുതിര്‍ന്ന നേതാവ് എന്ന പരിഗണനയുമാണ് കെ. ശ്രീകുമാറിന് നറുക്ക്വീഴാന് കാരണം.
സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് നിലവില്‍ ശ്രീകുമാര്‍. ചാക്കയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ കോര്‍പറേഷന്റെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ജില്ല സെക്രട്ടറിയേറ്റ് ശുപാര്‍ശ സംസ്ഥാന കമ്മിറ്റിയ്ക്ക് ഉടനെ കൈമാറും. ജില്ലനേതൃത്വത്തിന്റെ തീരുമാനത്തിന് മാറ്റം വരാന്‍ സാധ്യതയില്ല. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. പുഷ്പലത, ഏരിയ കമ്മിറ്റി അംഗം ആര്.പി. ശിവജി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ശ്രീകുമാറിന്റ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും അന്ന് യുവാവെന്ന പരിഗണന പ്രശാന്തിന് ഗുണമാവുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയാണ് കെ. ശ്രീകുമാര്‍.
വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ തന്നെ ഉര്‍ന്നുവന്ന വിഷയമായിരുന്നു കോര്പ്പറേഷന് മേയര്‍ ആരെന്നത്. ഇതിന്റെ പേരില്‍ സി.പി.എം ജില്ലാക്കമ്മിറ്റിയില്‍ വാദപ്രതിവാദങ്ങളും ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി അധിക കാലമില്ലാത്തതിനാലും ശ്രീകുമാറിനെ നേരത്തേ തന്നെ പരിഗണിച്ചിരുന്നതിനാലുമാണ് നിര്‍ദേശത്തിന് പിന്തുണ കൂടിയത്. ശ്രീകുമാര്‍ നിലവില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ഇദ്ദേഹം മേയറാകുമ്ബോള് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഒഴിവുണ്ടാകും. ഇതിലേക്ക് ഐ.പി ബിനുവിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.