അദാനിയുടെ തുറമുഖം ഉൾപ്പെടെ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അദാനി പോർട്സിൻറെ കീഴിലുള്ള കാണ്ഡ്ല തുറമുഖത്തിന് നേരെ പാക് ആക്രമണമുണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇതിനെ തുടർന്ന് കച്ചിലെ തുറമുഖത്തിന് സുരക്ഷ ഏര്‍പ്പെടുത്തി.
പാകിസ്താന് കമാന്‍ഡോകള്‍ കടല്‍മാര്‍ഗം ചെറുബോട്ടുകളിലെത്തി നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യ വിവരം. കടലിനടിയില്‍ നിന്നും ആക്രമണം നടത്താന്‍ പരിശീലനം ലഭിച്ചവരാണ് ഇന്ത്യന്‍ തീരം ലക്ഷ്യംവെച്ച് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബി.എസ്.എഫ്, ഇന്ത്യന്‍ തീരസംരക്ഷണ സേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീര സംരക്ഷണസേനയും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
കച്ച് ഭാഗത്തെ ലക്ഷ്യമിട്ട് ഹരാമി നാല കടലിടുക്കിലൂടെ പാക് പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ആക്രമണം നടത്താന്‍ സാധ്യതയെന്ന റിപ്പോര്‍ട്ട് കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ നിന്നും ലഭിച്ചതായി അദാനി പോര്‍ട്സ് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തുറമുഖത്തിന് കനത്ത സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഗുജറാത്തിലെ തന്നെ മുന്ദ്ര തുറമുഖത്തില്‍ നങ്കൂരമിട്ട കപ്പലുകളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടു.