കര്‍ഷക പ്രക്ഷോഭം 85ാം ദിവസം; ഇന്ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇപ്പോഴും സമരം തുടരുകയാണ്. ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. അതേസമയം, കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ സമാധാനപരമായി സമരം നടത്തുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. ട്രെയിന്‍ തടയുന്ന വേളയില്‍, യാത്രക്കാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കിസാന്‍ ആന്ദോളന് സമിതി വക്താവ് ജഗ്തര്‍ സിംഗ് ബജ്വ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ ആഹ്വാനം കണക്കിലെടുത്ത് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. റെയില്‍വേ പൊലീസ് ഉള്‍പ്പെടെ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.